ഭൂമി,
നീ പൊറുക്കുക!
നിന്റെ
മുലപ്പാലൂറ്റി തെഴുത്തവരോട്
നാവുണങ്ങിയ കുഞ്ഞുങ്ങളുടെ
കണ്ണുകള്‍ ചൂഴ്ന്നെടുത്തവരോട്
വിണ്ടു കീറിയ വിളനിലങ്ങളുടെ
മുറവിളി കേള്‍ക്കാത്തവരോട്.
ഭൂമി,
നീ പൊറുക്കുക!
ഈ ദേവാലയത്തില്‍
മതവിദ്വേഷത്തിന്റെ
കുരുതിക്കളം തീര്ത്തവരോട്
വിശ്വാസ പ്രമാണങ്ങളില്‍
വിഷം നിറച്ചവരോട്
സ്വന്തം നാവുകള്‍ വിഴുങ്ങി
നെടുവീര്‍പ്പുകളില്‍ ചിരിയുണക്കി
ചുവന്ന ഇടനാഴികളില്‍
പൊരുതി വീഴുന്ന എല്ലിന്‍കൂടുകളോട്.
ഭൂമി,
നീ പൊറുക്കുക!
അധമ വികാരങ്ങളാല്‍
ഇളം പെണ്ണിനെ
നക്കിത്തിന്നവരോട്
നിറഞ്ഞ മെഴുകുതിരിക്കണ്ണാല്‍
നിശബ്ദമായി മോങ്ങുന്ന
പ്രഭാത ഭ്രൂണങ്ങളുടെ കൈയ്യില്‍
കണ്ണീര്‍ക്കോപ്പ സമ്മാനിച്ചവരോട്.
ഭൂമി,
നീ പൊറുക്കുക!
പൈതൃകത്തിന്റെ മുള്ളാണിപ്പഴുതില്‍
വെടിമരുന്നു നിറച്ച്
ദ്രാവിഡാ നിനക്കിനി മരണമെന്ന്
വിധിയെഴുതിയ ആര്യന്റെ ധാര്ഷ്ട്യത്തോട്
നീ കരുതിവെച്ച, നിന്റെ ചരിത്രം-
കളങ്കപ്പെടുത്തിയവരോ,ടെല്ലാം ക്ഷമിച്ച്
നീലിച്ച പുലര്കാലങ്ങളില്‍
ചിരപരിചിതമായ
വെടിയൊച്ചകള്‍ക്കിടയില്‍
മതം പൊള്ളിത്തിണര്‍ക്കുന്ന
മധ്യാഹ്ന വെയിലില്‍
നിന്റെ
മൗനം കാത്തുകൊള്ളുക!
ഇനിയാ
മൗനത്തിന്റെ തൂക്കുപാലത്തില്‍
ആദ്യം മുറിച്ചു കടക്കുന്ന ജഡം
എന്റെതായിരിക്കും!
No comments:
Post a Comment