Friday, August 20, 2010

വാര്‍ത്തകളില്‍ ഇല്ലാത്തത്

ഭൂഗോളത്തിന്റെ സിരാപടലങ്ങളെ
രോഗം ബാധിച്ചിരിക്കുന്നു.
കച്ചവടച്ചന്തയില്‍
ഹൃദയം
ചീഞ്ഞളിഞ്ഞീച്ചയാര്‍ത്തു തുടങ്ങി.
ഓപറേഷന്‍ ടേബിളില്‍
വിലപേശല്‍,
കടുത്ത മത്സരം.
പ്രസവമുറികളില്‍
പ്രതിഷേധത്തിന്റെ
മുദ്രാവാക്യവുമായാണ്
ഓരോ കുഞ്ഞും പിറക്കുന്നത്‌.
കമ്പോളങ്ങളില്‍
മുലപ്പാല്‍ സംസ്കരിച്ച്
വില്പന തുടങ്ങി,
എവിടെയും വന്‍ തിരക്ക്.
അവയവ വില്പന ശാലകളില്‍
നീണ്ട നിര.
പ്രണയം
പൂര്‍ണ്ണമായും
ഗുഹ്യരോഗത്തിന്റെ
പിടിയിലമര്‍ന്നു കഴിഞ്ഞു.
മോര്‍ച്ചറികളില്‍
തലകള്‍ നഷ്ടപ്പെട്ട
ഉടലുകളെയുള്ളൂ.
ജീവിതം
ടിക്കറ്റ് വെച്ച്
ഇന്ദ്രജാലത്തിനൊരുങ്ങുന്നു.
മരണം
വായുവിനെ ബന്ദിയാക്കി
മോചനദ്രവ്യം ആവശ്യപ്പെട്ടിരിക്കുന്നു.

No comments:

Post a Comment