രക്ത മേഘങ്ങള്‍ക്ക് കീഴെ,
ഇടനെഞ്ചു പൊട്ടി,
രക്തം വാര്‍ന്നു ചുവന്ന
കടല്‍ത്തീരത്ത്
ഞാന്‍
ഓര്‍മകളുടെ മുല ചുരന്നു
ഏകാകിയായി...
അകലെ,
തളര്‍ന്ന മൂവന്തികള്‍.
എത്ര പെട്ടെന്നാണ്
വിയര്‍ത്ത പകലുകള്‍
വിളറി വീണത്.
ഇനി,
നടുവൊടിഞ്ഞ
പുലരികള്‍ മാത്രം!
കൊഴിഞ്ഞുപോയ
പ്രണയം പൂക്കുന്നതെപ്പോഴാണ്?
ഓര്‍മ്മകള്‍,
വിണ്ടുകീറിയ മണ്ണില്‍
പതിക്കുന്ന
വേനല്‍ പെയ്ത്തുപോലെ....
ഞാന്‍,
എരിഞ്ഞു കത്തുന്നൊരു
നെരിപ്പോട്.
നീ,
സ്നേഹിക്കലെന്ന
വരദാനം
ശാപമായി ലഭിച്ചവള്‍.
എന്നില്‍,
പടിയിറങ്ങിയകന്ന
പ്രണയമേ,
എനിക്കൊരു
കനല്പൂവിനെ തരൂ,
ജ്വലിക്കും വാക്കിനെ തരൂ....
No comments:
Post a Comment