ഭൂമി
കൈകാലുകള്‍ വിടര്‍ത്തി
മലര്‍ന്നു കിടക്കുന്നു
ഭൂമിയുടെ മാറിലും മറവിലും
കഴുകന്മാര്‍
അവരുടെ കൊക്കുകള്‍
മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുന്നു
പാതവക്കില്‍
വളരേറെപ്പേര്‍ ഉഴുതുമറിച്ച
പെണ്ണിന്റെ ശരീരം
പൂതലിച്ചു കിടക്കുന്നു
പിഴച്ച് ജന്മം കൊണ്ട കുഞ്ഞിന്റെ
ഉടലില്ലാത്ത ശിരസ്
മുലപ്പാലിനായി നാവ് നീട്ടുന്നു
അടുക്കളയില്‍
നവവധുവിനെ കാത്തിരിക്കുന്നത്
ഗ്യാസ് അടുപ്പ്
നെല്‍പ്പാടങ്ങളില്‍
റബര്‍ മരങ്ങളുടെ സംഗീതം
രക്തചുവപ്പില്‍
മണ്ണ് മോഹിച്ചവര്‍
അന്നം കിട്ടാതെ മരിച്ച് കിടക്കുന്നു
വാക്കിന്റെ മൂര്ച്ചകളില്‍
സ്വപ്നം കണ്ട് മതികെട്ടവര്‍
ചോരച്ചാലായ്
വീടിന്റെ ഉമ്മറത്ത്
ഭ്രാന്ത് പിടിച്ച്
പൊന്മുടിക്കുന്നുകള്‍
ഞാന്‍
കവിത ശീലിച്ചവന്‍;
പിളര്‍ന്ന ഭൂമിയെപ്പോലെ
മുറിപ്പാടുകളുമായി
നടന്നു പോകുന്നു...
No comments:
Post a Comment