Friday, November 12, 2010

ഘടികാരങ്ങള്‍ പറഞ്ഞത്.....

സമയത്തിന്റെ
മുന്നോട്ടുള്ള
ചലനം നിലച്ചതെപ്പോഴാണ്?
ഘടികാരത്തിന്റെ
ചിറകൊടിഞ്ഞ കറുത്ത സൂചികള്‍
പിറകോട്ടാണ് ചലിക്കുന്നത്....
ഇപ്പോള്‍
നാം ശിലായുഗത്തിലാണ്‌
ഇവിടെ
അലക്സാണ്ടറോ നെപ്പോളിയനോയില്ല
യുദ്ധങ്ങളുടെ ശംഖുവിളികളില്ല
കുരിശു വിധിക്കുന്ന
നീതിന്യായത്തിന്റെ മരക്കൈകളില്ല
ഇരയെ
ആഹാരത്തിനല്ലാതെ കൊല്ലുന്നില്ല
സ്വരക്ഷക്കല്ലാതെ ആക്രമിക്കുന്നില്ല
വിളഞ്ഞ തീയില്‍ ആരും എരിയുന്നില്ല!
ഇവര്‍ക്ക്
നഗ്നത മറയ്ക്കാന്‍
ഒരു കൈപ്പടമേയുള്ളൂ
എങ്കിലും
സ്ത്രീത്വം ചൂണ്ടയില്‍ കൊരുത്ത്
കാമം തിരയുന്നില്ല
ഇവര്‍
സംസ്കൃതിയുടെ പിതൃക്കള്‍ 

വീണ്ടും
സൂചി മുന്നോട്ടാണ് ചലിക്കുന്നത്
അകലെ
മൂഡ സംസ്കാരത്തിന്റെ
ഇരുള്‍പ്പാമ്പുകള്‍
ഫണം വിടര്‍ത്തുന്നു.
മനുഷ്യന്‍
നഗ്നത മറച്ചു പിടിച്ച
കൈപ്പടം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു
അവന്‍
ദ്രംഷ്ടകളില്‍ കോര്‍ത്തിരിക്കുന്നത്
ഇണയെ തന്നെയാണ്
സമയം
ഇനിയെപ്പോഴാണ്‌
നിലക്കുന്നത്...???

No comments:

Post a Comment