"കാലമേ... എല്ലാമെടുത്തു കൊള്‍ക
എന്റെ ബാല്യം തിരിച്ചേകുക!"
ചോദിക്കയാണിന്നു ദാഹാര്‍ദ്രനായ്
ഓര്‍മയിലിന്നലകളുണരെ
അവയോരോന്നും ആയിരത്തിരി-
കളായെന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കെ.
നറുചന്ദന മണമുതിരും
വൃശ്ചികപ്പുലരിയില്‍ കുളിച്ചു-
കളഭം ചാര്‍ത്തി, അമ്മതന്‍ ചേല-
ത്തുമ്പില്‍ തൂങ്ങി ക്ഷേത്രം ദര്‍ശിച്ചതും
അച്ഛനു മുന്‍പേ നടന്നു-
കേമനായ്, പാടത്തും പറമ്പിലും
പൂത്തിമ്പികള്‍ക്ക് പിമ്പേ പാഞ്ഞതും
വാത്സല്യമൂറുമീണത്തിലമ്മ
'ഉണ്ണീ'യെന്നെന്നെ നീട്ടി വിളിക്കെ
ക്ഷണം അമ്മതന്‍ ചാരത്തണഞ്ഞാ-
മടിത്തട്ടില്‍ മാമുണ്ടിരുന്നതും
പുസ്തക സഞ്ചിയും ഒരു കൊച്ചു-
പെന്‍സിലും, മഷിപ്പച്ചയുമായി
കൂട്ടരോടോത്ത് നാട്ടുവഴികള്‍
താണ്ടി പള്ളിക്കൂടമണഞ്ഞതും
എല്ലാം ഓര്‍മയില്‍ മിന്നിമറഞ്ഞു.
തെച്ചി പൂക്കുന്ന കുന്നിന്‍ ചെരിവും
ആടികാറ്റിന്‍ മാമ്പൂ മണവും
സതീര്‍ഥ്യരെത്രയോ പേരൊത്ത്
ചുറ്റി നടന്നൊരു വള്ളിക്കാവും
കുളവും, നാട്ടരയാല്‍ തറയും
കൈതകള്‍ പൂവിടുന്നൊരാ നാട്ടു-
വഴികളും, കളകള നാദം
ചിരിച്ചൊഴുകിടും അരുവി തന്‍
ഗീതവും, മദകര സൗരഭ്യ-
മേകിടുന്നൊരേഴിലം പാലയും
കണിക്കൊന്നയും, പുത്തിലഞ്ഞിയും
വിഷുപ്പക്ഷിതന്‍ സങ്കീര്‍ത്തനവും
നന്മയുടെ കൈത്തിരിയേന്തിയ-
തുമ്പപ്പൂവും, പൂവിന്റെ ഗന്ധവും
എല്ലാം എനിക്കന്യമായ്; അന്യമായ്
എന്നേക്കുമെങ്കിലും, സ്വപ്നങ്ങളായ്
സുധാമയമായ് ചിലതെത്രയും
ഭദ്രമായ് കരുതുന്നിതോര്‍മകള്‍...
എല്ലാം ഓര്‍മ്മകള്‍ മാത്രമായ് ഒര്ത്തെടുക്കാം.
ReplyDeleteനല്ല വരികള്‍.