Monday, June 20, 2011

വേനല്‍ക്കാലം















ഭൂമിയെ ചുട്ടെടുക്കുവാന്‍ ചൂള-
യൊരുക്കുന്ന വേനലില്‍ മുഖമാണിത്.
കാരയ്ക്ക വെന്തുനീറി പഴുത്തന്നമായ് 
തീരുന്ന കാലമാണിത്.
ഏതൊരുള്‍ചൂടിലും  സാന്ത്വനമേകും 
കാറ്റിന്‍ കൈയില്‍ തീപ്പന്തമെരിയുന്നുവോ?
താപമാപിനിയിലക്കങ്ങള്‍ 
പൊള്ളി നില്‍ക്കുന്നുവോ?
സൂര്യനിരുകണ്ണാല്‍ കനലുകള്‍
വാരി വിതറുന്നുവോ?
ലതകള്‍ കൈകളില്‍ കര്‍പ്പൂര-
മെരിച്ചു നില്‍ക്കുന്നുവോ?
നാവിലൊരു തുള്ളി നീര്‍മണി-
നുണയാതെ മണ്‍തരികള്‍ 
ദാഹാര്‍ത്തരായ് ഉഴറുന്നു
വിണ്ണോ, മുകില്‍പെറ്റ കിടാങ്ങളെ-
കാത്തു കാത്തിമവെട്ടാതെ
രാവിലും കണ്‍തുറന്നിരിക്കുന്നു
പേറ്റുനോവിന്‍ നീറ്റലില്‍ 
പിടയുന്നു ഈന്തപ്പനകള്‍.
പക്ഷികള്‍ പോലും യാത്രയായ് 
അകലെയൊരു നീര്‍ത്തുരുത്തുതേടി
അപ്പോഴും ശിഷ്ട ജീവിതം തേടി
ക്ഷീണജീവനായ് തെരുവി-
ലലയുന്നു നിത്യ കണ്ണീരുകള്‍.
ചിലര്‍ക്കോ ജന്മം പുണ്യം!
മറ്റു ചിലര്‍ക്കത് ശാപം.
പലിശക്ക് കടം കൊണ്ടു 
ദൂരമെത്ര താണ്ടിയിങ്ങു വന്നതാണ്.
എത്രപേര്‍ തന്‍ പ്രാര്‍ഥനയാണ്....
കണ്ണീരുപ്പു തൂവി അന്നമൂട്ടു-
ന്നൊരമ്മ  തന്‍ ഓര്‍മ്മയാണുള്ളില്‍
തന്‍ തണലില്‍ ഭാവിതന്‍ പായ-
വിരിച്ചുറങ്ങുന്ന സോദരികള്‍തന്‍ 
നീലിച്ച മുഖമാണ് കണ്ണില്‍.
കണ്ണടച്ചാലും തുറന്നാലും 
നമ്മളില്‍ കാഴ്ചകള്‍ വൈകൃതം.
പ്രാണനില്‍ പുകയുന്ന ചുടലയില്‍
തീയൂതിയുണര്‍ത്തുന്നു അഴലുകള്‍.
എന്നില്‍ വേനലാണെപ്പോഴും, ഞാന്‍
വര്‍ഷം കാത്തുനില്‍ക്കും ഭൂമിയാണ്‌.
ഋതുക്കള്‍ മാറും, തരുക്കള്‍ തളിരിടും,
ലതകള്‍ പൂവിടും അന്നെന്നിലെ-
മോഹവും തളിര്‍ചൂടും.
പിന്നെ വസന്തവും ഹേമന്തവും
ഒടുവില്‍ ശൈത്യവും വരും.
അന്നു ഞാനലയാഴികള്‍ക്കപ്പുറ-
മൊരു പറുദീസയില്‍ തുഴഞ്ഞെത്തും.... 

6 comments:

  1. പ്രിയ നൗഷാദ്‌, വേനലിനെത്തൊട്ടറിഞ്ഞു. ഞാനും കരയ്ക്കയെക്കുറിച്ചൊന്നെഴുതിക്കൊണ്ടിരിക്കുമ്പോഴാണീ വായന, അത്ഭുതം തോന്നുന്നു. അഭിനന്ദനം.

    ReplyDelete
  2. കണ്ണടച്ചാലും തുറന്നാലും
    നമ്മളില്‍ കാഴ്ചകള്‍ വൈകൃതം.

    always like that .....

    best wishes

    ReplyDelete
  3. നന്ദി ശ്രീ.ശശികുമാര്‍... പുതിയ രചനക്ക് എല്ലാ ഭാവുകങ്ങളും...

    ReplyDelete
  4. എത്രയൊക്കെ ദുഖങ്ങള്‍ക്കും വേദനകള്‍ക്കും ഇടയിലും നാളെ എന്നാ പ്രതീക്ഷയും സ്വപ്നവും തന്നെ പ്രവാസികള്‍ക്ക്‌ ...
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete