Friday, June 17, 2011

പ്രണയഗീതങ്ങളുടെ പാട്ടുകാരന്‍





















ചങ്ങമ്പുഴ കൃഷ്ണപിള്ള
ജനനം: 1911 ഒക്ടോബര്‍ 11
മരണം: 1948  ജൂണ്‍ 17

ഇന്ന് ജൂണ്‍ 17. കവിതയെ പ്രണയരക്തം പുരണ്ട 'ശിഞ്ജിത മഞ്ജീരങ്ങ'ളില്‍ നര്‍ത്തനം ചെയ്യിച്ച ചങ്ങമ്പുഴയെന്ന അസാധാരണ തപസ്വിയുടെ ഗാനം നിലച്ചിട്ട് 63 വര്‍ഷം തികയുന്നു. 
     പാശ്ചാത്യ - പൗരസ്ത്യ സാഹിത്യാനുശീലത്തിലൂടെ സമ്പന്നമായ ഒരു ധിഷണ കൈവരിക്കുകയും താനാര്‍ജ്ജിച്ച സാഹിതീയ പാണ്ധിത്യം കൊണ്ട് വെറും അനുകര്‍ത്താവായി അധ:പതിക്കാതെ വാനോളം ഉയരുകയും ചെയ്ത കവിയാണ്‌ ചങ്ങമ്പുഴ കൃഷ്ണപിള്ള. രൂപപരമായി മഹാകവി വള്ളത്തോളിനോട് മമതാബന്ധവും, ഭാവതലത്തില്‍ ആശാനോട് അടുപ്പവും പുലര്‍ത്തിയിരുന്നു ചങ്ങമ്പുഴ.
     സ്നേഹിക്കപ്പെടാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിട്ടും തിരസ്കരിക്കപ്പെടുകയും, സുഹൃത്തുക്കളെന്നു വിശ്വസിച്ചവരാല്‍ പോലും വഞ്ചിക്കപ്പെട്ട് കടബാധ്യതകള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയും ചെയ്ത കവിയുടെ    മനസ്സ് തുറന്നുവിട്ട പക്ഷിയെപ്പോലെ പറന്നു നടന്നത് റോമാന്റിക്കിന്റെ ഭാവതലങ്ങളിലായിരുന്നു. 
     ആകര്‍ഷകമായ കല്പനാശക്തിയും ഭാവഗംഭീരതയാര്‍ന്ന കവനവും കൊണ്ട് വിശ്രുതകാവ്യമായി തീര്‍ന്ന 'രമണനിലും' അമൃതവീചി'യെന്ന സമാഹാരത്തിലെ 'ഭാനുമതി'യെന്ന കവിതയിലും അകളങ്കവും അനശ്വരവുമായ പ്രണയത്തിന്റെ സാന്ദ്രസംഗീതം ദര്‍ശിക്കാനാകും. ഭൗതിക നേട്ടങ്ങള്‍ക്കെല്ലാമപ്പുറത്ത്  നിഷ്കളങ്കമായ ഒരു പുഞ്ചിരിയെങ്കിലും ആഗ്രഹിച്ചിരുന്നു കവി. 
                 "ഒന്നുമെനിക്കുവേണ്ട മൃദു ചിത്തത്തി-
                  ലെന്നെ കുറിച്ചുള്ളോരോര്‍മ മാത്രം മതി.
                  മായരുതാ തളിര്‍ചുണ്ടിലൊരിക്കലും
                  മാമക ചിത്തം കവര്‍ന്നോരാസുസ്സ്മിതം" എന്നും
തന്റെ നിസഹായവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് പൂക്കാരി പെണ്‍കുട്ടിയോട് 
                 "ഓമനേ മാപ്പിരന്നീടുന്നു ഞാ-
                  നാമലര്‍മാല്യം വാങ്ങിയാല്‍ 
                  എന്തു ചെയ്യേണ്ടു പിന്നെ ഞാനെന്റെ 
                  സന്തോഷത്തിന്റെ മുദ്രയായ്? എന്നും പറയുന്നു.
     പ്രണയത്തിന്റെ ലഹരിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന ചങ്ങമ്പുഴ, ദിവ്യപ്രേമത്തിന്റെ വറ്റാത്ത ഉറവ മനസ്സില്‍ സൂക്ഷിച്ച് തന്റെ 'ആത്മരഹസ്യം' എന്ന കവിതയില്‍ 'മാമക ഹൃദയത്തില്‍ സ്പന്ദനം നില്‍ക്കുവോളം പ്രേമവും അതില്‍ തിരയടിച്ചുകൊള്ളും' എന്ന് വരച്ചു കാട്ടുന്നു.
     അസാധാരണ പ്രതിഭയും പ്രതിയോഗികളെ നേരിട്ട രീതിയും ചങ്ങമ്പുഴയെ സമകാലീനകര്‍ക്കിടയില്‍ അനഭിമതനാക്കിയിരുന്നു. എന്നാല്‍ ആധുനിക കവികളില്‍ ഭൂരിഭാഗവും ചിത്രശലഭങ്ങളാണ്. ആരെയും നോവിക്കാതെ, ഉപദ്രവിക്കാതെ നന്ദനോദ്യാനത്തിലൂടെ മധു നുകര്‍ന്ന് മദോന്മത്തരായി പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍. അവര്‍ക്ക് സഹയാത്രികരോട്‌ കലഹിക്കേണ്ടതില്ല. സമൂഹത്തിന്റെ വിഹ്വലതകളും സഹജീവിയുടെ വിഷമതകളും ബാധകമാകുന്നില്ല. പക്ഷെ ചങ്ങമ്പുഴ ഒരേ സമയം ചിത്രശലഭവും നീലക്കുയിലും പാടുന്ന പിശാചുമായിരുന്നു. 
                   "ചെളിയിലെക്കീടമേ, ലജ്ജയില്ലേ,
                    ചിത്രശലഭത്തെ നോക്കിപ്പഴിപറയാന്‍" എന്ന വരികള്‍ മാത്രം മതി അദ്ദേഹം ശത്രുക്കളെ കണ്ട രീതി മനസിലാക്കാന്‍.
                   "പുഞ്ചിരിതൂകി പൊന്നുഷസിലെ
                    പിഞ്ചുമേഘങ്ങളെത്തുമ്പോള്‍
                    ആര് ശങ്കിക്കുമായവക്കുള്ളില്‍
                    കൂരിരുള്‍ പടര്‍പ്പുണ്ടെന്നായ്?"
     പലതും മനസിലാക്കാനും പലരെയും തിരിച്ചറിയാനും വൈകിയ കവിയുടെ ദിനരാത്രങ്ങള്‍ ലഹരിനിറഞ്ഞതും കുടുംബജീവിതം താളം തെറ്റിയതുമായിരുന്നു. 
     ഒരു ശരത്കാലത്ത്, ഉഷസ്സിലാണ്, താനാ 'സുരലോകസ്വപ്ന'ത്തെ കണ്ടു മുട്ടിയത്‌. ഒരു വെറും സൗന്ദര്യമല്ലായിരുന്നു, അവള്‍-'നിരവദ്യസായൂജ്യ'മായിരുന്നു തുടങ്ങിയ വരികളും കാല്‍പനിക ഭാവത്തിന് ഉദാഹരണങ്ങള്‍ മാത്രം.
                    "യാതൊന്നും മറയ്ക്കാതെ 
                     നിന്നോട് സമസ്തവും 
                     ഓതുവാന്‍ കൊതിച്ച് നിന്‍ 
                     അരികിലെത്തി....
                     എന്നാത്മരഹസ്യങ്ങള്‍
                     എന്തും ഞാന്‍ നിന്നോടോതും"
     ഹൃദയത്തിന്റെ ഭാഷ വാക്കുകള്‍ക്കൊരിക്കലും പ്രതിഫലിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കെ, ഹൃദയങ്ങള്‍ക്കൊരിക്കലും ഒരു നിമിഷമെങ്കിലും ഇവിടെ നിശബ്ദമാകാതിരിക്കാനാവില്ല. കാല്പനികമായ ജീവിതസമസ്യകള്‍ വിട്ട് വിഷാദത്തിന്റെ കഞ്ചുകമണിഞ്ഞ്‌ മനസ് അല്‍പ സമയമെങ്കിലും കവിക്കുവേണ്ടി ഖിന്നമാകാതിരിക്കാനുമാവില്ല....

4 comments:

  1. Nannaittundu Nowshadettaa......super....love you...

    ReplyDelete
  2. ചങ്ങമ്പുഴയെ സ്മരിക്കുവാന്‍ ഇക്കാലത്ത് ആളുണ്ടായതില്‍ സന്തോഷവും ആ ഈരടികള്‍ ഓര്‍മയില്‍ സൂക്ഷ്ക്കുന്നതില്‍ അഭിനന്ദനവും.....

    ReplyDelete
  3. നന്ദി @ പ്രശാന്ത്‌ , ഷരീഫ് ജി...

    ReplyDelete
  4. ചുംബനങ്ങളനുമാത്രം വെമ്പി
    വെമ്പിത്തുളുമ്പും നിൻ
    ചുണ്ടുരണ്ടു, മെന്നെന്നേയ്ക്കു
    മടഞ്ഞാൽ പിന്നെ
    നിന്നെയോർക്കാനാരു കാണും നീ
    യതിനാൽ നിനക്കുള്ള
    നിർവൃതികളൊന്നു പോലും
    ബാക്കി വയ്ക്കൊല്ലേ
    (ചങ്ങമ്പുഴ)

    നല്ലസ്മരണ...

    ReplyDelete