Monday, February 28, 2011

യുദ്ധം!

ഹൃദയം ചുരന്നെടുത്തവന്റെ
പൂതലിച്ച കണ്ണിലാണ് 
കാരുണ്യമുറഞ്ഞതും 
അഭയാര്‍ഥികള്‍ക്ക് 
മുഖം നഷ്ടപ്പെട്ടതും!

പനിപിടിച്ച രാത്രിസ്വപ്നങ്ങള്‍ക്കും 
തീ പിടിച്ച കാത്തിരിപ്പിനുമൊടുവില്‍
കലാപം വിഴുങ്ങിയ 
ഒരു നേര്‍ക്കണ്ണ് 
ചരിത്ര സ്മൃതികളെ  കടലെടുക്കുന്നു.

പീഡിതഭൂമിയുടെ മൗനനിരകള്‍ക്കു മീതെ
ധാര്‍ഷ്ട്യവിഷം ചീറ്റും
മഹായുദ്ധത്തിന്റെ രക്തസമുദ്രത്തില്‍ 
ദൈന്യതയുടെ കണ്ണീരുപ്പെവിടെ?

തിരുമുറിവുകളിലെ ചോരതുള്ളികള്‍ 
അനേകരിലൂടെ പെയ്ത്
നാഗസാക്കികള്‍, വിയറ്റ്നാമുകള്‍,
ഇറാഖുകള്‍ തുടരുമ്പോള്‍ 
ലോകത്തിന്റെ 
ഏത് സന്ധിയില്ലായ്മകളിലാണ്
ആയുധ ദൈവങ്ങളുടെ  
ചത്തൊടുങ്ങിയ ചിരികള്‍ക്കുമേല്‍
കുരിശുകള്‍ ചമയ്ക്കാതിരുന്നത്?

ഇനി,
സമാധാനത്തിന്റെ 
മഞ്ഞച്ചേരയിഴഞ്ഞു പോകുന്ന
ഇടവഴികളില്‍ 
ജന്മനക്ഷത്രത്തിന്റെ  
രാശിപ്പലക വലിച്ചെറിയാം.
തുടലു പൊട്ടിച്ച് 
പെയ്തിറങ്ങുന്ന 
വേട്ടനായ്ക്കളുടെ
പനിക്കണ്ണില്‍
ഉരുകിയൊലിച്ച 
നിരായുധ ജീവിതങ്ങളുടെ 
രാസദു:ഖങ്ങളില്‍ മുളപൊട്ടി 
തളരുന്ന ഭൂമിയില്‍ തളിര്‍ക്കാം.

ശൂന്യതയുടെ കടും കറുപ്പാല്‍
യുദ്ധമെന്ന രണ്ടക്ഷരമെഴുതിയ
ഈ നശിച്ച ലോകത്തില്‍-നമ്മള്‍ 
ചരിത്രത്തിന്റെ വളമായി....
നെറിവുകേടിന്റെ ഉഴവുകാരായി.....!!! 

1 comment:

  1. ലോകത്തിന്റെ
    ഏത് സന്ധിയില്ലായ്മകളിലാണ്
    ആയുധ ദൈവങ്ങളുടെ
    ചത്തൊടുങ്ങിയ ചിരികള്‍ക്കുമേല്‍
    കുരിശുകള്‍ ചമയ്ക്കാതിരുന്നത്?
    ഈ ചിന്തകള്‍ ഇഷ്ട്ടമായി ......

    ReplyDelete