Tuesday, June 28, 2011

ബാല്യസ്മരണ

















"കാലമേ... എല്ലാമെടുത്തു കൊള്‍ക
എന്റെ ബാല്യം തിരിച്ചേകുക!"
ചോദിക്കയാണിന്നു ദാഹാര്‍ദ്രനായ് 
ഓര്‍മയിലിന്നലകളുണരെ 
അവയോരോന്നും ആയിരത്തിരി-
കളായെന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കെ.

Monday, June 20, 2011

വേനല്‍ക്കാലം















ഭൂമിയെ ചുട്ടെടുക്കുവാന്‍ ചൂള-
യൊരുക്കുന്ന വേനലില്‍ മുഖമാണിത്.
കാരയ്ക്ക വെന്തുനീറി പഴുത്തന്നമായ് 
തീരുന്ന കാലമാണിത്.
ഏതൊരുള്‍ചൂടിലും  സാന്ത്വനമേകും 
കാറ്റിന്‍ കൈയില്‍ തീപ്പന്തമെരിയുന്നുവോ?
താപമാപിനിയിലക്കങ്ങള്‍ 
പൊള്ളി നില്‍ക്കുന്നുവോ?
സൂര്യനിരുകണ്ണാല്‍ കനലുകള്‍
വാരി വിതറുന്നുവോ?
ലതകള്‍ കൈകളില്‍ കര്‍പ്പൂര-
മെരിച്ചു നില്‍ക്കുന്നുവോ?
നാവിലൊരു തുള്ളി നീര്‍മണി-
നുണയാതെ മണ്‍തരികള്‍ 
ദാഹാര്‍ത്തരായ് ഉഴറുന്നു
വിണ്ണോ, മുകില്‍പെറ്റ കിടാങ്ങളെ-
കാത്തു കാത്തിമവെട്ടാതെ
രാവിലും കണ്‍തുറന്നിരിക്കുന്നു
പേറ്റുനോവിന്‍ നീറ്റലില്‍ 
പിടയുന്നു ഈന്തപ്പനകള്‍.
പക്ഷികള്‍ പോലും യാത്രയായ് 
അകലെയൊരു നീര്‍ത്തുരുത്തുതേടി
അപ്പോഴും ശിഷ്ട ജീവിതം തേടി
ക്ഷീണജീവനായ് തെരുവി-
ലലയുന്നു നിത്യ കണ്ണീരുകള്‍.
ചിലര്‍ക്കോ ജന്മം പുണ്യം!
മറ്റു ചിലര്‍ക്കത് ശാപം.
പലിശക്ക് കടം കൊണ്ടു 
ദൂരമെത്ര താണ്ടിയിങ്ങു വന്നതാണ്.
എത്രപേര്‍ തന്‍ പ്രാര്‍ഥനയാണ്....

Friday, June 17, 2011

പ്രണയഗീതങ്ങളുടെ പാട്ടുകാരന്‍





















ചങ്ങമ്പുഴ കൃഷ്ണപിള്ള
ജനനം: 1911 ഒക്ടോബര്‍ 11
മരണം: 1948  ജൂണ്‍ 17

ഇന്ന് ജൂണ്‍ 17. കവിതയെ പ്രണയരക്തം പുരണ്ട 'ശിഞ്ജിത മഞ്ജീരങ്ങ'ളില്‍ നര്‍ത്തനം ചെയ്യിച്ച ചങ്ങമ്പുഴയെന്ന അസാധാരണ തപസ്വിയുടെ ഗാനം നിലച്ചിട്ട് 63 വര്‍ഷം തികയുന്നു. 
     പാശ്ചാത്യ - പൗരസ്ത്യ സാഹിത്യാനുശീലത്തിലൂടെ സമ്പന്നമായ ഒരു ധിഷണ കൈവരിക്കുകയും താനാര്‍ജ്ജിച്ച സാഹിതീയ പാണ്ധിത്യം കൊണ്ട് വെറും അനുകര്‍ത്താവായി അധ:പതിക്കാതെ വാനോളം ഉയരുകയും ചെയ്ത കവിയാണ്‌ ചങ്ങമ്പുഴ കൃഷ്ണപിള്ള. രൂപപരമായി മഹാകവി വള്ളത്തോളിനോട് മമതാബന്ധവും, ഭാവതലത്തില്‍ ആശാനോട് അടുപ്പവും പുലര്‍ത്തിയിരുന്നു ചങ്ങമ്പുഴ.