Saturday, September 11, 2010

ആത്മബലി

ശീവേലിക്കല്ലില്‍
രക്തപുഷപങ്ങള്‍ക്ക് പകരം
ഞാനെന്റെ ഹൃദയമടര്‍ത്തി വയ്ക്കാം.
അഭിഷേകത്തിനായി രുധിരമേകാം
തീര്‍ത്ഥക്കിണ്ടിയില്‍ മിഴിനീരും
ഹവിസ്സായെന്‍ ഗാത്രവുമര്‍പ്പിക്കാം
വ്യഥകളുടെ അരണി കടഞ്ഞ്
ഹോമകുണ്ഡം ജ്വലിപ്പിക്കാം
നിങ്ങളെന്നെ ക്രൂശിക്കാതിരിക്കുക!
സമസ്താപരാധങ്ങള്‍ക്കും മാപ്പേകുക!

ഇന്ന്
വിധിയുടെ അനിവാര്യമായ
കണക്കെടുപ്പാണ്
ഇനി
അരൂപിയായ ആത്മാവ്
സഞ്ചരിച്ചു കൊണ്ടേയിരിക്കും
ജഡത്തെ പങ്കുവെക്കുന്ന പോലെ
മതമുദ്രകളാല്‍
അതിനെ പങ്കുവെക്കാനാവില്ല.
എന്റെ ആത്മാവ്
ബന്ധനത്തിന്റെ നൂലിഴകള്‍ ഭേദിച്ച്
ആകാശത്തിന്റെ നീലിമയിലേക്കുയര്‍ന്ന്
ഭാരമൊഴിഞ്ഞ മേഘത്തെപ്പോലെ
ഭൂമിക്കുമേല്‍ ചുറ്റിത്തിരിയും
വ്യഥിത ഹൃദയങ്ങളിലാഴ്ന്നിറങ്ങി
സ്വാന്തനമരുളും
ഉണ്മാദികളുടെ
തപിക്കുന്ന ശിരസ്സിന്‍ മേല്‍
തഴുകി തണുപ്പിക്കും
അടിമകളുടെ പാളയങ്ങളില്‍
ജ്വലിക്കുന്ന കാറ്റായ് പൂക്കും
പീഡിതരുടെ ഇടയിലേക്ക്
താഴ്ന്നിറങ്ങും....

ഹൃദയത്തിന്റെ മുറിവില്‍ നിന്നും
കണക്കു പുസ്തകത്തിലെ
അക്ഷരങ്ങള്‍ക്കിടയിലേക്ക്
ഒരു തുള്ളി ചോര ചിന്തി പടരുന്നു
പഴിചാരലുകളും ശാപവചസ്സുകളും...
പ്രാണന്റെ നിലവിളി, നിസ്സഹായത....
കണക്കെടുപ്പുകള്‍ക്കൊടുവില്‍
ശിഷ്ടം പൂജ്യം....!

1 comment: