അമ്മ! നീയഗ്നി സ്ഫുടപാകമാം നൈര്‍മല്യമായ്
അറിവിന്‍ മാര്‍ഗങ്ങളിലെന്നാത്മ പ്രകാശമായ്
കര്‍മപഥങ്ങളിലജയ്യ: പ്രഭാമയിയായ്
സ്നേഹക്കടലായെന്റെ നിനവില്‍ ഉയിര്‍ക്കുന്നു.
അമ്മയായിരുന്നെനിക്കെന്നുമെന്‍ വഴികാട്ടി
അമ്മയായിരുന്നെന്‍ വെളിച്ചവും, സതീര്‍ത്ഥ്യയും
നീ... ദയാമയി, സാന്ത്വന സ്വരാമൃത സിന്ധു
സ്നേഹസ്വരൂപിണി, നിത്യവാത്സല്യ ദായിനി
ഓര്‍മയുടെ ധാരാങ്കുരത്തിലെന്‍ ബാല്യത്തിന്റെ
നിറസന്ധ്യകള്‍ പീലിനീര്‍ത്തി നില്‍ക്കയോ മുന്നില്‍!
അമ്മ തന്‍ തുടുത്ത വാത്സല്യവും , അന്നു നുകര്‍-
ന്നോരമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പ്രിയരാം-
കളിത്തോഴരോടൊത്തു നാട്ടുമാവിന്‍ തണലില്‍
ബാല്യലീലകളാടിയതുമെല്ലാമോര്‍ക്കുന്നൂ ഞാന്‍...
ഇന്നീ തമസ്സിലേതു ചണ്ഡമാം പ്രവാതത്തി-
ലെന്‍ മണ്‍ചെരാതിന്‍ തിരിനാളവും പൊലിഞ്ഞു പോയ്
ആകുലത മൂകമാമെന്‍ വഴിത്താരയി-
ലിന്നു നിന്നോര്‍മകള്‍! ജന്മാന്തര പാപപുണ്യങ്ങള്‍!!
അമ്മ തന്‍ സ്നേഹം ദ്യോതിന്‍ കിരണമായ് തെളിഞ്ഞെന്‍
താമസ പന്ഥാവിങ്കല്‍ വഴി കാട്ടുന്നു നീളെ......
അമ്മ തന്‍ സ്നേഹം കുളിര്‍മഴയായ് പെയ്തെന്‍
ഹൃത്തിന്‍ തപ്തതീരങ്ങളില്‍ ശാന്തിയേകുന്നു നിത്യവും....
കത്തുന്ന തീവെയില്‍ പഥങ്ങളിലോടി
തളര്‍ന്നൊടുവില്‍ പരാജയ പാഴ് നിഴലാവും നേരം
അന്‍പോടെ സാന്ത്വനം തൂകിയെന്‍ ശ്വേതബിന്ദുക്ക-
ളൊപ്പുമെന്നമ്മ തന്‍ ഓര്‍മയാണിന്നുമെന്നുള്ളില്‍.....!!!
അമ്മ തൻ കാൽ പാദത്തിനടിയിലാണ് സ്വർഗം എന്ന പ്രവാചക വചനം എത്ര ശരി!
ReplyDeleteഇവിടെ വന്നു. വായിച്ചു. കവിത നന്നായിട്ടുണ്ട്. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.
ReplyDeleteനന്ദി.... നജിം & ഐക്കരപ്പടിയന്‍
ReplyDelete