Friday, August 26, 2011

കാവ്യമോഹിനി





















സ്വപ്നമേ, വരിക സ്വരങ്ങളായെന്‍
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴ്ക!
നീയെന്‍ രസനയിലൊരു കാവ്യമായ്
മിഴികള്‍ക്കാനന്ദമാ,യിന്നെന്‍ മുന്നില്‍ 
നടനമാടൂ, നിറച്ചാര്‍ത്തണിഞ്ഞ 
നിമിഷങ്ങളെ ധന്യമാക്കുവാനായ്
കരളില്‍ നിറഞ്ഞ ഭാവങ്ങളെല്ലാം 
കവിതയായ് പകര്‍ത്തൂ...! മലയാണ്മ-
തന്‍ നെഞ്ചിലേറ്റി ലാളിച്ചിടാം, നിന്നെ
കാവ്യ പീഠത്തിലേറ്റി പൂജിച്ചിടാം.
വരദേ..., കാവ്യ മനസ്വിനീ, വര-
മരുളുകയെന്നില്‍ കനിവേകുക!
നാവില്‍ കുറിച്ചോരാദ്യാക്ഷരങ്ങളെന്‍
ചിന്തക്കു തേനും വയമ്പും പൂനിലാ-
ചന്തവുമേകി, ലക്ഷ്മിയായണിയി-
ച്ചോരുക്കവേ, വരദാനമാ,യിന്നീ-
കൈക്കുമ്പിളില്‍ തീര്‍ത്ഥാംബുവായലിഞ്ഞു 
കാവ്യമായ് പുനര്‍ജനിക്കുമെങ്കിലെന്‍ 
ജന്മം ധന്യമായ്.........!!!

(ചിത്രത്തിന് കടപ്പാട്: google)

Thursday, August 11, 2011

തിരിച്ചറിവ്

















ഒരു യാത്രയിലാണ്
നാം കണ്ടുമുട്ടിയത്‌.
പാതവക്കില്‍ നട്ടുച്ചക്കാണ്
നാം പരിചിതരായത്
നിന്റെ നിഴല്‍
എനിക്ക് തണലായപ്പോഴാണ്
ഞാന്‍ തിരിച്ചറിഞ്ഞത്
ചിലപ്പോള്‍
എന്റെ സാമീപ്യം
നീ ആഗ്രഹിച്ചിരിക്കണം
സുരക്ഷ കണ്ടെത്തിയിരിക്കണം
പക്ഷെ
നമ്മില്‍
വാക്കുകള്‍ കെട്ടപ്പെട്ടിരുന്നു.

Tuesday, June 28, 2011

ബാല്യസ്മരണ

















"കാലമേ... എല്ലാമെടുത്തു കൊള്‍ക
എന്റെ ബാല്യം തിരിച്ചേകുക!"
ചോദിക്കയാണിന്നു ദാഹാര്‍ദ്രനായ് 
ഓര്‍മയിലിന്നലകളുണരെ 
അവയോരോന്നും ആയിരത്തിരി-
കളായെന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കെ.

Monday, June 20, 2011

വേനല്‍ക്കാലം















ഭൂമിയെ ചുട്ടെടുക്കുവാന്‍ ചൂള-
യൊരുക്കുന്ന വേനലില്‍ മുഖമാണിത്.
കാരയ്ക്ക വെന്തുനീറി പഴുത്തന്നമായ് 
തീരുന്ന കാലമാണിത്.
ഏതൊരുള്‍ചൂടിലും  സാന്ത്വനമേകും 
കാറ്റിന്‍ കൈയില്‍ തീപ്പന്തമെരിയുന്നുവോ?
താപമാപിനിയിലക്കങ്ങള്‍ 
പൊള്ളി നില്‍ക്കുന്നുവോ?
സൂര്യനിരുകണ്ണാല്‍ കനലുകള്‍
വാരി വിതറുന്നുവോ?
ലതകള്‍ കൈകളില്‍ കര്‍പ്പൂര-
മെരിച്ചു നില്‍ക്കുന്നുവോ?
നാവിലൊരു തുള്ളി നീര്‍മണി-
നുണയാതെ മണ്‍തരികള്‍ 
ദാഹാര്‍ത്തരായ് ഉഴറുന്നു
വിണ്ണോ, മുകില്‍പെറ്റ കിടാങ്ങളെ-
കാത്തു കാത്തിമവെട്ടാതെ
രാവിലും കണ്‍തുറന്നിരിക്കുന്നു
പേറ്റുനോവിന്‍ നീറ്റലില്‍ 
പിടയുന്നു ഈന്തപ്പനകള്‍.
പക്ഷികള്‍ പോലും യാത്രയായ് 
അകലെയൊരു നീര്‍ത്തുരുത്തുതേടി
അപ്പോഴും ശിഷ്ട ജീവിതം തേടി
ക്ഷീണജീവനായ് തെരുവി-
ലലയുന്നു നിത്യ കണ്ണീരുകള്‍.
ചിലര്‍ക്കോ ജന്മം പുണ്യം!
മറ്റു ചിലര്‍ക്കത് ശാപം.
പലിശക്ക് കടം കൊണ്ടു 
ദൂരമെത്ര താണ്ടിയിങ്ങു വന്നതാണ്.
എത്രപേര്‍ തന്‍ പ്രാര്‍ഥനയാണ്....