Monday, November 1, 2010

സാക്ഷി

ജ്വലിച്ചടങ്ങുന്ന സൂര്യന്
സാഗരം സാക്ഷി
മാഞ്ഞുപോകുന്ന പകലിന്
സന്ധ്യ സാക്ഷി
തിരയൊടുങ്ങാത്ത കടലിന്
തീരം സാക്ഷി
നിണമുണങ്ങാത്ത ഭൂമിക്ക്
കാലം സാക്ഷി
കനലെരിയുന്ന ഹൃത്തിന്
നൊമ്പരം സാക്ഷി
വ്യഥയൊടുങ്ങാത്ത മര്‍ത്യന്
മരണം സാക്ഷി...!!!!

ശ്ലഥം

ഭൂമി
കൈകാലുകള്‍ വിടര്‍ത്തി
മലര്‍ന്നു കിടക്കുന്നു
ഭൂമിയുടെ മാറിലും മറവിലും
കഴുകന്മാര്‍
അവരുടെ കൊക്കുകള്‍
മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുന്നു

പാതവക്കില്‍
വളരേറെപ്പേര്‍ ഉഴുതുമറിച്ച
പെണ്ണിന്റെ ശരീരം
പൂതലിച്ചു കിടക്കുന്നു

Sunday, October 31, 2010

കാലം

തകര്‍ന്നുടഞ്ഞ
ശിലാഗോപുരങ്ങളുടെ
കൂര്‍ത്ത കല്ലുകളില്‍ ചവിട്ടി നടന്ന
എന്റെ ജീവരക്തമാണ്
നിങ്ങള്‍ക്ക് വഴികാട്ടിയായത്.
എനിക്ക് പകരം
നിങ്ങളോട് സംസാരിച്ചത്
ഫലകങ്ങളില്‍ കൊത്തിയ വാക്കുകളാണ്.

സനാതനം

മരണമേ... നിന്‍ പാദ
നിസ്വനം കേള്‍ക്കുന്നൂ ഞാന്‍
നിന്നെ പ്രണമിക്കുന്നു...
ഓതുക! നീയെന്‍ കാതില്‍
ജീവിത മഹാമന്ത്രം
ഉരുക്കഴിക്കട്ടെ ഞാന്‍
എന്‍ ജീവിതയാത്രയില്‍
മൃതസഞ്ജീവനിയായ്.....